പെരളശ്ശേരിയിൽ ശുചിത്വ ടൗണിനായി കൈകോർത്ത് ബീക്കൺ ചെയിൻ പെരളശ്ശേരി

October 3, 2026

 പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽപെരളശ്ശേരി ടൗണിനെ മാതൃകാ ശുചിത്വ സുന്ദര ഹരിത ടൗൺ ആക്കി മാറ്റുവാനുള്ള കർമ്മപദ്ധതിയുടെ വിളംബര പ്രഖ്യാപനത്തിന്റെ ഭാഗമായി പെരളശ്ശേരിയിൽ ബീക്കൺ ചെയിൻ-ശുചിത്വ പ്രവർത്തകർ കൈയ്യോട് കൈ ചേർത്ത് ശുചിത്വച്ചങ്ങല കോർത്തു.കണ്ണൂർ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ പ്രധാന ടൗണുകളെയും ചുറ്റുപാടുള്ള മേഖലകളെയും ബീക്കൺ ടൗൺ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതിയാണിത്. ശുചിത്വമുള്ള പൊതു ഇടങ്ങൾ, ശാസ്ത്രീയ മാലിന്യ സംസ്കരണം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ഹരിത പരിസരം, സുരക്ഷിതവും ജനസൗഹൃദവുമായ പൊതു ഇടങ്ങൾ, ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കൽ, സൗന്ദര്യവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ബീക്കൺ ടൗണിലൂടെ ലക്ഷ്യമിടുന്നത്. ആഗസ്റ്റ് 15ന് ആരംഭിച്ച പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഒക്ടോബർ 2ന് പൂർത്തിയാക്കിയത്.  രാവിലെ 9 മണിക്ക് പെരളശ്ശേരി എകെജി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരിസരം മുതൽ പെരളശ്ശേരി അമ്പലനട വരെയുള്ള പദ്ധതി പ്രദേശത്ത് തീർത്ത ശുചിത്വച്ചങ്ങല പുതുമയുള്ളതും ശ്രദ്ധേയവുമായി. ഹരിത കർമ്മ സേന അംഗങ്ങൾ, ഇക്കോ സെൻസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾ, സ്റ്റുഡൻറ് പോലീസ് കേഡറ്റ് ജൂനിയർ & സീനിയർ അംഗങ്ങൾ, എൻഎസ്എസ് വിദ്യാർത്ഥികൾ, പഞ്ചായത്തിലെ ശുചിത്വ ടീം അംഗങ്ങൾ, ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ യുവജന സംഘടന പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവരാണ് ബീക്കൺ ചെയിനിൽ അണിനിരന്നത്. ബീക്കൺ ടൗൺ  പദ്ധതി പ്രദേശത്ത് ബെയ്സ് ലൈൻ സർവ്വേ, ട്രാൻസാറ്റ് ഗ്രീൻ വോക്ക്, ശുചിത്വ സർവെ, ശുചിത്വ പ്രശ്നങ്ങളുടെ മാപ്പിംഗ്, മാസ് ക്ലീനിങ് ഡ്രൈവ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ശേഷം  ടൗൺ ഡെവലപ്മെൻറ് സെമിനാർ സംഘടിപ്പിക്കുകയും ബീക്കൺ ടൗൺ ആക്ഷൻ പ്ലാൻ തയ്യാറാക്കി കൊണ്ടുമാണ് ഒന്നാം ഘട്ടം പൂർത്തീകരിച്ചത്. ബീക്കൺ ചെയിനിൽ അണിനിരന്നവർക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് എകെജി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സുനീഷ് അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡണ്ട് സജില എം, കരുണൻ മാസ്റ്റർ,പഞ്ചായത്ത് സെക്രട്ടറി ബിന്റി ലക്ഷ്മൺ,എംകെ മുരളി,  വി പ്രശാന്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് സുസ്മിത കെ ആർ, രജിറടീച്ചർ,ഷിജി ബി പിള്ള ,റൂബിടീച്ചർ,  കെ കെ സുഗതൻ ,ഉദയ എൻ തുടങ്ങിയവർ നേതൃത്വം നൽകി.

ബീക്കൺ ചെയിൻ