കാഴ്ച്ചപാടും ദൌത്യവും

            കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ താലൂക്കില്‍ എടക്കാട് ബ്ളോക്കിലാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1955 നവംബര്‍ 5-ാം തീയതി രൂപീകൃതമായ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 19.4 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചെമ്പിലോട്, അഞ്ചരക്കണ്ടി, വേങ്ങാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങാട് പഞ്ചായത്തും, തെക്കുഭാഗത്ത് പിണറായി, മുഴപ്പിലങ്ങാട്, കടമ്പൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കടമ്പൂര്‍, ചെമ്പിലോട്, മുഴപ്പിലങ്ങാട് പഞ്ചായത്തുകളുമാണ്. പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ മൊത്തം ജനസംഖ്യ 27771 ആണ്. ഇതില്‍ 14658 പേര്‍ സ്ത്രീകളും 13113 പേര്‍ പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 99.81% ആണ്. ഭൂപ്രകൃതി അനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണ് പെരളശ്ശേരി. കാര്‍ഷികഗ്രാമമായ പെരളശ്ശേരിയില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍ തെങ്ങ്, നെല്ല്, കുരുമുളക്, കവുങ്ങ്, വാഴ, മരച്ചീനി എന്നിവയാണ്. പഞ്ചായത്തിന്റെ അതിര്‍ത്തി കൂടിയായ അഞ്ചരക്കണ്ടി പുഴയാണ് പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന പുഴ. ഉപരിതല ജലസ്രോതസ്സായ 196 കുളങ്ങള്‍ പഞ്ചായത്തിലുണ്ട്. സ്വകാര്യ കിണറുകളെ കൂടാതെ 83 പൊതുകിണറുകളും പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നു. പഴശ്ശി കനാലിന്റെ കൈവഴികള്‍ പഞ്ചായത്തിലെ ഒരു പ്രധാന ജലസേചന മാര്‍ഗ്ഗമാണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയില്‍ 50 സെന്റ് കണ്ടല്‍കാടുകളാണ്. പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നതിനായി 781 തെരുവുവിളക്കുകള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളമാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം. തലശ്ശേരി റെയില്‍വേ സ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റേഷന്‍. കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം. പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലം തലശ്ശേരി ബസ്സ്റാന്റാണ്. അഴീക്കോട്, അഞ്ചരക്കണ്ടിപുഴ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ജലഗതാഗത കേന്ദ്രങ്ങള്‍. കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാന പാത പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. തലശ്ശേരി-ചക്കരക്കല്ല് റോഡ്, പെരളശ്ശേരി-കാടാച്ചിറ-തലശ്ശേരി റോഡ്, പെരളശ്ശേരി-പാറപ്രം-തലശ്ശേരി റോഡ്, വെള്ളച്ചാല്‍-ഓടക്കടവ് റോഡ് എന്നിവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന മറ്റു പ്രധാന റോഡുകള്‍. മമ്പറം പാലം, പാറപ്രം പാലം എന്നിവ പഞ്ചായത്തിലെ പ്രധാന പാലങ്ങളാണ്. പഞ്ചായത്തില്‍ ഒരു തൂക്കുപാലം ഉണ്ട്. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഒന്നും തന്നെ ഇവിടെ ഇല്ലെങ്കിലും നിരവധി ചെറുകിട-പരമ്പരാഗത വ്യവസായങ്ങള്‍ പഞ്ചായത്തിലുണ്ട്. ബീഡി, കൈത്തറി, കയര്‍ തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ നിരവധി യൂണിറ്റുകള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിക്കുന്നു. കൂടാതെ നെയ്ത്ത്, പപ്പട നിര്‍മ്മാണം എന്നിവയുടെ നിരവധി ചെറുകിട വ്യവസായ യൂണിറ്റുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒരു പെട്രോള്‍ ബങ്കും, ഒരു ഗ്യാസ് ഏജന്‍സിയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 7 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരു മാവേലി സ്റോറും, ഒരു നീതി സ്റോറും പഞ്ചായത്തിന്റെ പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്. പഞ്ചായത്ത് മത്സ്യമാര്‍ക്കറ്റ് ആണ് പഞ്ചായത്തിലെ പ്രധാന മാര്‍ക്കറ്റ്. ഹിന്ദു-മുസ്ളീം-ക്രിസ്ത്യന്‍ മതവിശ്വാസികള്‍ സൌഹാര്‍ദ്ദത്തോടെ താമസിക്കുന്ന പെരളശ്ശേരി പഞ്ചായത്തില്‍ നിരവധി ആരാധനാലയങ്ങളുണ്ട്. പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മക്രേരി അമ്പലം, തൃക്കപാലം ശിവക്ഷേത്രം, മാവിലാക്കാവ് ക്ഷേത്രം എന്നിവ പഞ്ചായത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയങ്ങളാണ്. മുണ്ടലൂര്‍പള്ളി, പൊതുവാച്ചേരി ജുമാ അത്ത് പള്ളി എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മുസ്ളീം ആരാധനാലയങ്ങള്‍. പെരളശ്ശേരി ക്ഷേത്രോത്സവം, മാവിലാകാവ് അടിയുത്സവം എന്നിവ പഞ്ചായത്തിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങളാണ്. കേരളത്തിലെ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ആദ്യകാലനേതാക്കളില്‍ ഒരാളും പാര്‍ലമെന്റേറിയനുമായിരുന്ന എ.കെ. ഗോപാലന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ നാടാണ് പെരളശ്ശേരി. എ.കെ.ജി യുടെ ശവകുടീരവും പെരളശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത്. മുതിര്‍ന്ന സി.പി.ഐ.എം നേതാവായിരുന്ന വി.കെ. രാഘവന്‍, നാടകനടനും സംവിധായകനുമായ പി.കെ. രാഘവന്‍ മാസ്റര്‍, പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പി.അനന്തന്‍, കവി വി.വി.കെ, ആയുര്‍വ്വേദ ചികിത്സകരായ കെ.കെ.ഗോവിന്ദന്‍ വൈദ്യര്‍, കുട്ടിരാമന്‍ വൈദ്യര്‍, സ്വതന്ത്യ്രസമരസേനാനികളായ കെ.ദാമുമാസ്റര്‍, എം.കെ.കോരോട്ടി മാസ്റര്‍, ഇ.നാരായണന്‍ നായര്‍ തുടങ്ങിയവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനങ്ങളായിരുന്നു. നാടകക്കൃത്ത് എം.കെ.മനോഹരന്‍, എ.കെ.രാഘവന്‍ നമ്പ്യാര്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനങ്ങളാണ്. അഴിക്കോടന്‍ സ്മാരക ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ് കുഴിത്തിലായി, കുഞ്ഞാലി സ്മാരക ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ് എന്നിവയുള്‍പ്പെടെ 17-ഓളം ക്ളബ്ബുകള്‍ പഞ്ചായത്തിന്റെ കലാ-കായികരംഗത്തിന് പ്രോത്സാഹനമായി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഇ.എം.എസ് സ്മാരക കേന്ദ്രം മോച്ചേരി, എ.കെ.ജി. മന്ദിരം പെരളശ്ശേരി, പഞ്ചായത്ത് സാംസ്കാരിക കേന്ദ്രം കോട്ടം എന്നിവയുള്‍പ്പെടെ 14-ഓളം സാംസ്കാരിക സ്ഥാപനങ്ങള്‍ പഞ്ചായത്തിന്റെ സാംസ്കാരികരംഗത്തിന് പ്രോത്സാഹനമായി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യപരിപാലന രംഗത്ത് വിവിധ സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുവാച്ചേരിയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്നു. കൂടാതെ പെരളശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ആയുര്‍വ്വേദ ആശുപത്രിയും, എ.കെ.ജി മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ആശുപത്രിയുമാണ് പഞ്ചായത്തിലെ മറ്റു പ്രധാന ആതുര ശുശ്രൂഷാ കേന്ദ്രങ്ങള്‍. മൃഗസംരക്ഷണവകുപ്പിന് കീഴില്‍ ഒരു മൃഗാശുപത്രി പഞ്ചായത്തിലെ മൂന്നുപെരിയയില്‍ പ്രവര്‍ത്തിക്കുന്നു. കുടിപ്പള്ളിക്കൂടങ്ങളോ സംസ്കൃതപഠന കേന്ദ്രങ്ങളോ ആയിട്ടായിരുന്നു പഞ്ചായത്തില്‍ വിദ്യാലയങ്ങള്‍ ആദ്യകാലത്ത് ആരംഭിച്ചിരുന്നത്. 2010-ല്‍ എത്തി നില്‍ക്കുമ്പോള്‍ പഞ്ചായത്തില്‍ സ്വകാര്യമേഖലയില്‍ 18 എല്‍.പി.സ്ക്കൂളുകളും, 6 യു.പി. സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ: ഹയര്‍സെക്കന്ററി സ്കൂളാണ് പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്ക്കൂള്‍. കൂടാതെ സ്വകാര്യ ഉടമസ്ഥതയില്‍ രണ്ട് കോളേജുകളും വിദ്യാഭ്യാസരംഗത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൃദ്ധസദനമായ വൃദ്ധ-വികലാംഗ വിശ്രമ മന്ദിരമാണ് പഞ്ചായത്തിലെ പ്രധാന സാമൂഹ്യസ്ഥാപനം. ദേശസാല്‍കൃത ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ പെരളശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ശാഖ വെള്ളച്ചാലില്‍ പ്രവര്‍ത്തിക്കുന്നു. മാവിലായ് സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കോ-ഓപ്പറേറ്റീവ് ബാങ്ക്, പെരളശ്ശേരി സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് എന്നിവയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇളവന എ.കെ.ജി. സ്മാരക വായനശാല, മാവിലായി പൊതുജന വായനശാല, പൊതുവാച്ചേരി ദേശോദ്ധാരണ വായനശാല എന്നിവയുള്‍പ്പെടെ 21-ലേറെ വായനശാലകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ഉടമസ്ഥതയില്‍ പെരളശ്ശേരിയില്‍ ഒരു കല്യാണ മണ്ഡപവും പെരളശ്ശേരി, മൂന്നുപെരിയ എന്നിവിടങ്ങളില്‍ ഓരോ കമ്മ്യൂണിറ്റി ഹാളുകളും സ്ഥിതി ചെയ്യുന്നുണ്ട്. പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റി ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവന്‍, മത്സ്യഭവന്‍, ടെലിഫോണ്‍ എക്സചേഞ്ച് എന്നിവ പെരളശ്ശേരിയില്‍ സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ രണ്ട് തപാല്‍ ഓഫീസുകള്‍ മുണ്ടലൂര്‍, മാവിലായി എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. സമ്പൂര്‍ണ്ണ ശുചിത്വത്തിനുള്ള നിര്‍മ്മല്‍ പുരസ്ക്കാരം നേടിയ പഞ്ചായത്താണ് പെരളശ്ശേരി.